Kerala
തിരുവനന്തപുരം: ബിജെപി ഈ തെരഞ്ഞെടുപ്പിൽ മദ്യവും കോടികളും ഒഴുക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ജനാധിപത്യപരമായിട്ടുള്ള സംവിധാനത്തെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ബിജെപി കിറ്റ് കൊടുക്കുന്നു, മദ്യം കൊടുക്കുന്നു, പണം കൊടുക്കുന്നു, ജോലി വാഗ്ദാനം ചെയ്യുന്നു, ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസും ഒട്ടും മോശമല്ല. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്നും ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ്. മൂന്നാം തവണയും അധികാരത്തിൽ വരും. അതിൽ ഒരു തർക്കത്തിലും ഇടയില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിർദേശങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. ആഘോഷവേളകളിലും ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകും.
അധ്യാപകർ വിദ്യാർഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണമായും ഒഴിവാക്കണം. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി റാമ്പ് ഉൾപ്പെടുത്തും. സ്കൂൾ വിനോദയാത്രകളിൽ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
വകുപ്പിന്റെ ഉത്തരവുകൾ ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അവധിക്കാലം മറ്റു തടസങ്ങളില്ലാതെ വിദ്യാർഥികൾക്ക് പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ബജറ്റിലെ വിദ്യാഭ്യാസ നിർദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറപാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എസ്കെ ഫണ്ടിൽ നാമമാത്രമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി ഫണ്ടും തൊഴിലാളി വർഗത്തെയും പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത് ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.
വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവിനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങൾ കൈയടിയോടെ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യ വിദ്യാർഥികളിലേക്കെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബജറ്റ് നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നേരത്തെ പരിഗണനയിലുള്ളതാണ്. തുക പൂർണമായും സർക്കാരിന്റെത്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്ന് തുക ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കില്ല. പൂച്ച പ്രസവിച്ചാൽ എന്താണ് പ്രശ്നം. ഇതുപോലുള്ള പരാമർശങ്ങളായാണ് വി.ഡി. സതീശന്റെ നിലവാരം വ്യക്തമാക്കുന്നത്.
ഖജനാവ് കാലിയാണെന്ന് പറയുന്നവര് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു.
സത്യസന്ധമായ അന്വേഷണം തുടരുകയാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് പൂർത്തിയാക്കി വരികയാണ്. തന്ത്രിയെ പരസ്യമായി അനുകൂലിച്ചു ബിജെപി രംഗത്തുവരുന്നതു ജനങ്ങൾ കാണുന്നുണ്ട്. ശബരിമല സ്വർണമോഷണ കേസിൽ കുറച്ചു ദിവസമായി കോണ്ഗ്രസിന്റെ പ്രസ്താവന ഒന്നും കാണാനില്ല അവരുടെ പ്രതികരണങ്ങൾ സ്വിച്ചിട്ട പോലെ നിന്നെന്നും മന്ത്രി പറഞ്ഞു.
Kerala
പടന്ന (കാസർഗോഡ്): കടുത്ത രോഗാവസ്ഥയിലും കലയുടെ ഉപാസന തുടർന്ന പടന്നയിലെ സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീട്ടിലിരുന്ന് പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും മറ്റു ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ അധികൃതർക്കും വേറിട്ട രീതിയിൽ വലിയ നന്ദി അർപ്പിച്ച് പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ കുട്ടികൾ അക്ഷരരൂപത്തിൽ നിന്നാണു നന്ദി അറിയിച്ചത്.
ശരീരത്തെ തളർത്തുന്ന വേദനയിലും തോൽക്കാൻ മനസില്ലാത്ത സിയയുടെ മനക്കരുത്തിന് വിദ്യാഭ്യാസ അധികൃതർ നൽകിയ പിന്തുണയ്ക്ക് ആദരവുമായാണ് സ്കൂളിലെ 1100ൽപരം വിദ്യാർഥികളും അണിനിരന്ന് സ്റ്റേഡിയത്തിൽ നന്ദി എന്ന കൂറ്റൻ അക്ഷരമാല തീർത്തത്.
പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് നാടൻ കലാപ്രവർത്തകൻ ജുനൈദ് മെട്ടമ്മലാണ് സംവിധാനമൊരുക്കിയത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്ഗ്രസ് നേതൃത്വം പറഞ്ഞാല് അയാള്ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള് മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന് നിര്ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: 2027ലെ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. അഞ്ചാം ക്ലാസ് മുതൽ ഒന്പതാം ക്ലാസ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും.
ഒന്നു മുതൽ പത്തു വരെയുള്ള അർധ വാർഷിക പരീക്ഷ ഇന്നലെ തുടങ്ങി. 23നു പരീക്ഷ അവസാനിക്കും. ഹയർസെക്കൻഡറി അർധ വാർഷിക പരീക്ഷയും ഇന്നലെ തുടങ്ങി. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ആറിനു പരീക്ഷ അവസാനിക്കും.
ഹയർ സെക്കൻഡറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങളുടെ വിതരണം പൂർത്തിയായി. ക്രിസ്മസ് അവധി പന്ത്രണ്ടു ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒന്പതു ദിവസമാണ് നൽകിവന്നിരുന്നത്.
ഒന്നു മുതൽ പത്തുവരെയുള്ള രണ്ടാം വാോള്യം അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് ടൈറ്റിലുകളിലായി ആറുകോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് പരസ്യമായി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്നും ശിവൻകുട്ടി പറഞ്ഞു.
മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലായാലും കെ. സുധാകരനായാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല. അത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയയാണ് കാണാൻ സാധിക്കുന്നത് ശിവൻകുട്ടി പ്രതികരിച്ചു.
സർക്കാരിന്റെ മുന്നിൽ വന്ന പരാതി നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെ സംസ്കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുക.
അന്തസും മാന്യതയും ഉണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി. ശിവൻകുട്ടി.
ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ല. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദിപങ്കിട്ട സംഭവത്തിൽ നിലപാട് മാറ്റി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
ലൈംഗികാരോപണം നേരിടുന്നവർ പരിപാടിയിൽനിന്നും വിട്ടുനിൽക്കണമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.
ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും.
പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നായിരുന്നു ശിവൻകുട്ടി നേരത്തെ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ മേഖലയിലും ബദൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് ഇടത് പക്ഷമാണ്. പാവങ്ങൾക്ക് വേണ്ടി ദാരിദ്ര്യത്തിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം എന്താണ്. പണം ഉണ്ടോ ഇല്ലയോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ സംശയം. പ്രതിപക്ഷ നേതാവ് പണം എണ്ണി കൊടുക്കുമ്പോൾ അറിഞ്ഞാൽ മതി, അതിനു മുന്നേ അറിയേണ്ട ആവശ്യമില്ല. കോൺഗ്രസ് ജനങ്ങളെ എങ്ങനെയെങ്കിലും ശ്വാസം മുട്ടിച്ച് അധികാരത്തിൽ കയറാം എന്ന് വിശ്വസിച്ചു.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് അടിയാണ്, വകുപ്പുകൾ ഒക്കെ ഇപ്പോഴേ തിരിച്ചു. അപ്പോഴാണ് പിണറായി വിജയന്റെ പ്രഖ്യാപനം വരുന്നത്. പിന്നെ ആരെയും പുറത്ത് കണ്ടിട്ടില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.
അതേസമയം പിഎം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഫണ്ടിന്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇൻ-സർവീസ് അധ്യാപകർക്കു വിധി ബാധകമാക്കിയ സാഹചര്യത്തിൽ, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ച് സെപ്റ്റംബർ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ ആക്ട്) അനുസരിച്ച് ടെറ്റ് യോഗ്യത നിർബന്ധമാണ്. ഈ യോഗ്യതയില്ലാത്ത ഇൻ-സർവീസ് അധ്യാപകർക്ക് സർവീസിൽ തുടരാനുള്ള അവകാശം നഷ്ടപ്പെടും. ആർടിഇ നിയമം നിലവിൽ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിർബന്ധമാണ്.
കോടതിവിധി വരുന്ന തീയതിയിൽ (സെപ്റ്റംബർ 1, 2025) അഞ്ച് വർഷത്തിൽ താഴെ മാത്രം സർവീസ് ബാക്കിയുള്ള സീനിയർ അധ്യാപകർക്ക് വിരമിക്കൽ വരെ സർവീസിൽ തുടരാം. എന്നാൽ, ഇവർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിർബന്ധമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ള അധ്യാപകർ ഈ ഉത്തരവ് മുതൽ രണ്ട് വർഷത്തിനകം ടെറ്റ് യോഗ്യത നേടിയില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും ഇവയാണ് വിധിയിലെ പ്രധാന ഉള്ളടക്കം.
വിധിയുടെ പശ്ചാത്തലത്തിൽ പ്രമോഷനുകളും പുതിയ നിയമനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സങ്കീർണമാകും. സാധാരണയായി ഒരു തൊഴിൽ മേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാൽ കേന്ദ്രസർക്കാരുകൾ ഇതിന് തയാറായില്ല.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്ര നിയമങ്ങൾക്കാണ് മുൻഗണന. ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഭാഷാധ്യാപകരുടെയും പ്രൈമറി അധ്യാപകരുടെയും യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചപ്പോഴെല്ലാം നിലവിൽ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വിധിയിൽ വ്യക്തത വരുത്തുന്നതിനോ പുനഃപരിശോധിക്കുന്നതിനോ ആവശ്യമായ ഹർജിയുമായി സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം പേർ പത്താം ക്ലാസിലെത്തുന്നു. തൊണ്ണൂറ് ശതമാനം കുട്ടികൾ ഹയർ സെക്കണ്ടറിയുടെ ഭാഗമാകുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇതിൽ പന്ത്രണ്ടാം ക്ലാസിൽ എത്തുന്നവർ 47.2 ശതമാനമാണ്.
തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐറ്റിഐകൾ, പോളിടെക്നിക്കുകൾ, സ്കോൾ കേരള എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡേറ്റയിൽ വരുന്നില്ല. ഇത് കൂടി കണക്കാക്കിയാൽ ഒന്നാം ക്ലാസിൽ ചേരുന്ന ഏതാണ്ട് എല്ലാവർക്കും പന്ത്രണ്ടാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളികൾക്കാകെ അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണ്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്.
അക്കാദമിക കാര്യങ്ങളിൽ കമ്പ്യൂട്ടർ ലഭ്യമായ സ്കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. അതിൽ സർക്കാർ മേഖലയിൽ 52.7 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ ഇത്തരം ആധുനിക സൗകര്യങ്ങൾ ഉള്ളൂ. എന്നാൽ കേരളത്തിൽ 99.1 ശതമാനം സ്കൂളുകളിലും ഈ സൗകര്യം ഉണ്ട്.
പൊതുവിദ്യാലയങ്ങളിൽ 99.3 ശതമാനം സ്കൂളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കി. ഇവിടെ 91.7 ശതമാനം സ്കൂളിലും തടസമില്ലാത്ത ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. ലിംഗസമത്വ സൂചികയായ ജെണ്ടർ പാരിറ്റി ഇൻഡെക്സ് സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ തലങ്ങളിലും ഒന്നിന് മുകളിലാണ്. ഇത് കേരളത്തിൽ പെൺകുട്ടികളുടെ പഠന പങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് കാണിക്കുന്നു.
അധ്യാപകരുടെ ഗുണമേന്മയിലും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ടോയ്ലറ്റുകൾ, വൈദ്യുതി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലും കേരളത്തിലെ സ്കൂളുകൾ ദേശീയതലത്തിൽ മുൻനിരയിൽത്തന്നെയാണ്.
പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എല്ലാ തലങ്ങളിലും ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രീ-പ്രൈമറിയിൽ 87.4 ശതമാനം, പ്രൈമറിയിൽ 98.4 ശതമാനം, അപ്പർ പ്രൈമറിയിൽ 97.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.